NAVODAYA STUDIO





A Vadakkanpaattu Series.
Commenced - 7 October 2022
“കൊക്കരക്കോ”
കരിങ്കാലൻ അങ്കക്കോഴിയുടെ കൊലവിളി കേട്ടാണ് ചന്തുച്ചേകോൻ കിഴക്കോട്ട് ഉറ്റ് നോക്കിയത്.
നേരമോ നട്ടുച്ച.
അസമയത്ത് വന്ന കോഴികൂവലിന് മറുപടി എന്നോണം പടിഞ്ഞാറ് നിന്ന് കുതിച്ചുയർന്ന വാണവെടിയുടെ ശീൽക്കാരവും മുഴങ്ങി.
പാറിയും പറന്നുo പൊങ്ങിയും താണും ആകാശത്ത് അമ്മാനമാടിയ ആ വാണവെടി പലകുറി തലമുറകളായി പിരിഞ്ഞ് നിറങ്ങളായി പൊട്ടിച്ചിതറി.
നട്ടുച്ച നേരമാണെങ്കിലും കുറ്റാക്കൂട്ടിരുട്ടുള്ള അമാവാസി നാളിലെ വെടിക്കെട്ടിനെക്കാളും വർണ്ണശോഭ ആ ഗർജ്ജന കൂട്ടത്തിന്!
വെടിമരുന്നുകാരൻ കരിങ്ങാട്ടക്കുഴിക്ക് മഹാമാന്ത്രികൻ കരടിക്കുട്ടി മാന്ത്രികൻ്റെ കൈപ്പുണ്യമോ?! മറിമായം തന്നെ മറിമായം.
അതോടൊപ്പം കുറച്ച് അകലെ നിന്ന് ആരവവും മേളവും ഉയർന്നു.
പന്തീരണ്ട് കളരിക്കാശാനായിരുന്നു ചന്തുച്ചേകോൻ.
എട്ടുദിക്കും ഞെട്ടവെ ഏഴങ്കവും ജയിച്ച യോദ്ധാവ്.

തൻ്റെ നാട്ടിൽ താനറിയാത്ത ഒരാഘോഷപൂരമോ?
അതും തൊട്ടടുത്തുള്ള തൊടിയിൽ! ചന്തുച്ചേകോൻ മണിമാളികയിലിരുന്ന് വീണ്ടും ഒറ്റുനോക്കി. ക്ഷേത്രാങ്കണത്തിലെ കൊടിമര സമുച്ചയത്തിൽ കൊടിക്കുറ പോയിട്ട് ഒരു കോണകം പോലും കാണാനില്ല. ചിറക് വിരിച്ച് കോതി ചീകുന്ന ഒരു കാക്കകറുമ്പൻ മാത്രം.
കരിങ്കാലൻകോഴി, കൂട്ടിൽ കലിതുള്ളണതെന്തേ എന്നറിയാൻ ചെന്നപ്പോൾ കൂട് കാലി! ധിക്കാരം. അനുവാദമില്ലാതെ അങ്കക്കോഴിയെ കൂടിറക്കിയത് ആരാണെന്ന് ആരായാൻ പാറാവുകാരെ തിരക്കി പടിപ്പുരയിലെത്തിയപ്പോൾ ഉത്തരം നൽകാൻ പകിടകളും മറന്നിട്ടു പോയ കുറേ കുന്തങ്ങളും.
പാറാവുകാരെ തിരക്കി ആരവം കേട്ട ദിക്കിലേക്ക് വിജനമായ വഴിയിലൂടെ ആഞ്ഞു വലിഞ്ഞ് പുറപ്പെട്ടപ്പോൾ തൈക്കൂട്ടക്കാവിലെ കേരവൃക്ഷനിരകൾക്ക് അന്നുവരെ കാണാത്ത ഒരു തലയെടുപ്പ് .
തെങ്ങായാലും ആളായാലും ആരായണം എന്നോർത്തപ്പോൾ കാണുന്നു കരയിൽ കൂടി കടത്തു വഞ്ചി തോളിലേറ്റി



“ആളുണ്ടോ ആളുണ്ടോ, അങ്കം കാണാൻ ആളുണ്ടോ?”
എന്ന് ആരാഞ്ഞോടുന്ന ആറുപേർ.
വഞ്ചിക്കുള്ളിലിരുന്ന് വിഷണ്ണനായി തണ്ടുവലിക്കുന്ന വഞ്ചിക്കാരൻ.
അയാൾക്ക് തലയില്ല!
ചുരിക പങ്കായമാക്കി പിടിക്കുന്ന മറ്റൊരാൾ,
അയാൾക്ക് കാലുകൾ ഇല്ല!
കടത്തു വഞ്ചി കരയിലോ?! കാതങ്ങൾ അകലെയാണ് കാളിയാർ പുഴയും കടത്തു കടവും!!!
വഞ്ചിക്കാർ ഓടിപ്പോയ വഴിയെ ചേകോർ ആയാസപ്പെട്ട് കൈവീശി തുഴഞ്ഞു നടന്നു. ആയിരങ്ങളുടെ ആരവം അപ്പോൾ അടുത്തു വന്നു. ആട്ടക്കലാശത്തിലെത്തിയ അങ്കത്തിൻ്റെ ആരവം. ആലത്തൂർ നാട്ടിൽ അജയ്യനായ ചന്തുച്ചേകോൻ അറിയാത്ത അങ്കമോ… ഇതേത് അങ്കം?
ഇടവഴിയിലൂടെ ഇടത്തോട്ട് ഇരഞ്ഞ് തിരിഞ്ഞപ്പോൾ മുന്നിൽ കണ്ടതോ നരയൻ പറമ്പിനു നടുവിൽ പടുത്ത അങ്കത്തട്ടിന് ചുറ്റും നാടുണർന്നുറഞ്ഞ് തുള്ളുന്നു.
അങ്കം കഴിഞ്ഞിരുന്നു!
ഇന്നലെവരെ ഇവിടെ ഇല്ലാതിരുന്ന ഈ തട്ട് ഒറ്റ രാത്രി കൊണ്ട് എങ്ങനെ ഉയർന്നു? ഉയർന്നതിനേക്കാൾ വേഗതയിൽ ദേ അത് തകർന്നു താഴാൻ പോകുന്നു.
പറന്നും മറന്നും തുള്ളുന്ന മാലോകർ അങ്കത്തട്ടിലാണ്.
പുളിങ്കാതൽ പലക നിരത്തി തേക്കു കുറ്റിയിൽ താങ്ങി നിർത്തിയതാണെങ്കിലും അതു തകരാൻ നിമിഷങ്ങൾ മതി.
അശ്രീകരം!
അങ്കമാര്യാദ മറന്നു മറിയുന്ന മാലോകർ!
ഇവരെ പിടിച്ചു മാറ്റാൻ നാടുവാഴിയില്ലേ?
തൻ്റെ പാറാവുകാർ മതിയായിരുന്നല്ലോ… ഉണ്ട് ഉണ്ട് നാടുവാഴി മാലോകർക്കൊപ്പം നിന്ന് തുള്ളുന്നുണ്ട്… കൂടെ കുന്തം ഇട്ടേച്ചു പോന്ന പാറാവുകാരും!


അങ്കത്തട്ടിൽ അജയ്യനായ ചന്തുച്ചേകോൻ മാത്രമറിയാത്ത ആഘോഷപൂരം!
മതവൈരം മറന്ന സൗഹൃദവേള.
അവാച്യമായ അവതാളത്തിൽ കൈകൊട്ടി കളിക്കുന്ന ഭഗവതി തെയ്യവും ദഫ്കൊട്ടുന്ന ജോനകർ സംഘവും.
അവരെ ചുറ്റി കുമ്മി അടിക്കുന്ന കുങ്കിയും കൂട്ടരും.
നാരായം പിടിച്ച് എഴുത്തോലകൾ ആയാസത്തിൽ എഴുതിത്തള്ളുന്ന നാണുപ്പാണർ. നാളിതുവരെയും പാടി കണ്ടീല. എഴുത്തും നാരായവും വഴങ്ങും അറിഞീല. അധമവർഗ്ഗത്തിന് അക്ഷരാഭ്യാസമോ?
അതും പോരാഞ്ഞിട്ട് ആ എഴുത്തോല പിടിച്ചു വാങ്ങി നോക്കി പാടുന്നു മലർ പൊടിക്കാരി മാളു… ഭദ്രയുടെ കടാക്ഷം കിടച്ച കാളിദാസൻ കണക്കെ!
മതവൈരം മാത്രമല്ല മറന്നതും മറഞ്ഞതും.
വാണിഭക്കാരും മറന്നു വൈരം.
സംഭാരക്കാരന് കോരികൊടുത്തു കുടിപ്പിക്കുകയാണ് ഇളനീർ കച്ചവടക്കാരൻ.
അപ്പോൾ വീണ്ടും അടുത്തോടിക്കിതച്ചെത്തി കടത്തുവഞ്ചി തോളിലേറ്റി
‘ആളുണ്ടോ ആളുണ്ടോ’
യെന്ന് ആരാഞ്ഞോടുന്ന ആ ആറുപേർ.
അവർ വീണ്ടും മൊഴിഞ്ഞു
“ശ്രാദ്ധം ഉണ്ണാൻ ആളുണ്ടോ?”
ചുടല എടുത്തിട്ടല്ലേയുള്ളു? പുലകുളി ആയിട്ടില്ല… അപ്പോഴേക്കും ശ്രാദ്ധമുണ്ണാൻ!!


മാലോകരുടെ ഉത്സാഹം കണ്ടിട്ട് ഉശിരുള്ള അങ്കമായിരുന്നെന്ന് തോന്നുന്നു.
പതവി തീർത്തതല്ല താരി താഴ്ത്തിയതല്ല.
അരിഞ്ഞു വീഴ്ത്തിയതാണ് ആരാണോ ആ ജേതാവ്, യോദ്ധാവ്?
അതോ! അപ്പോൾ കാണുന്നു ജേതാവിനെ തോളിലേറ്റി തുള്ളി ചാടുന്ന ഒരു സ്ത്രീ സമൂഹം. അതെ ദേവദാസി ഭോജമ്മയും സംഘവും.
സ്ത്രീകൾ ഒരു പുരുഷനെ തോളിലേറ്റുകയോ?
അപമാനം ആലത്തൂർ നാടിന്!
ആരാണീ ജേതാവ്?
വിദൂരത്താണ്, മുഖം അവ്യക്തം… ഒത്ത ശരീരം… പ്രായം കൊണ്ട് ചെറുപ്പം.
ചന്തുച്ചേകോൻ മനുഷ്യപാരാവാരത്തിനും ആർപ്പു വിളികൾക്കിടയിലും ആയാസപ്പെട്ട് ആ ആകാരം കാണാൻ മുന്നോട്ടു നീങ്ങി.
പക്ഷേ അതിനോടകം ഭോജമ്മയും കൂട്ടരും ജേതാവിനൊപ്പം മതിലകം താണ്ടി തെരുവിലേക്ക് നടന്നു, ദേവദാസി തെരുവിലേക്ക്.
ചന്തുച്ചേകോൻ ധൃതഗതിയിൽ ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി മുന്നോട്ടു നീങ്ങി. നാടിളക്കിയ നരൻ്റെ മുഖമൊന്ന് കാണാൻ.
അപ്പോഴേക്കും അവർ ദേവദാസി പടിപ്പുരക്കകത്ത് കയറി കഴിഞ്ഞു.
ദാ ആ കിഴവി കണ്ടർ കോത, ഭോജമ്മയുടെ വാല്യക്കാരി പടിപ്പുര അടച്ചു.
ജേതാവ് പോട്ടെ… ചോദിച്ചറിയാം, ആ ഹതഭാഗ്യൻ എവിടെ?
അപ്പോൾ കാണുന്നു പരാജിതൻ്റെ പിണം പച്ചോലയിൽ വലിച്ചു കെട്ടി നിലത്തുകൂടെ നിർത്താതെ ഓടുന്ന നാട്ടുകാർ.
നിണമണിഞ്ഞ നിലത്ത് നീർച്ചാലു കണക്കെ ഒരു പാത.
പിണത്തിൽ നിന്ന് ഒഴുകുന്ന നീണം… കൂകി വിളിക്കുന്ന നാട്ടുകൂട്ടം!
വീരസ്വർഗ്ഗം നേടിയ ചേകവനെ പെരുവഴിയിലൂടെ പച്ചോലയിൽ വലിച്ചു കെട്ടി അപമാനിക്കുകയോ?!
അങ്കം ധർമ്മയുദ്ധമാണ്…. സത്യപരീക്ഷണമാണ്…. ചോദിക്കാൻ ആരുമില്ലേ?
അങ്കനിയമം ഇല്ലേ? അതുകാക്കുന്ന ചേകോർ മഹാസഭക്കാരില്ലെ?
ഉണ്ട് ഉണ്ട് അവരും ഉണ്ട്.
കാളപായും പാതയിൽ കാഹളം മുഴക്കി വിളിക്കും കൂട്ടത്തിൽ അവരും ഉണ്ട്. അവരോടൊപ്പം തനിക്ക് അടുത്ത് അറിയാവുന്ന വരും, ശിഷ്യഗണവും.
അങ്കമുറയ്ക്ക് ചേരാത്ത അലങ്കോലം!
വീരമൃത്യു വരിച്ച വീരനെ വിറളി പിടിച്ച് വലിച്ച് കൊണ്ട് ഓടുന്ന വികടന്മാർ.

ഒരു കറുത്ത നായ
അപ്പോൾ കാണുന്നു പച്ചോലച്ചുടല വലിച്ച് കൂകി വിളിക്കുന്ന ആ കാട്ടുകൂട്ടത്തിൻ്റെ കാലുകൾക്കിടയിൽ നിന്ന് ഒരു കറുത്ത നായ.
വെള്ളപ്പുള്ളിയുള്ള ആ നായ കടിച്ചെടുത്തു കൊണ്ടോടുന്നു, ആ ഹതഭാഗ്യൻ്റെ വൃഷണം.
“നിർത്തെടാ”
ആക്രോശിച്ചുകൊണ്ട് ആ കൂട്ടത്തെ തടുക്കണ ചന്തു.
തനിക്ക് നന്നേ പരിചയമുള്ള ആ നാട്ടുകൂട്ടം ചന്തുവിനെ ഉറ്റുനോക്കി- തിരിച്ചറിയാതെ…. സ്തഭതരാകാതെ.
ഒരു ആവേശത്തിൽ ആകാംക്ഷയിൽ പച്ചോല കെട്ടഴിച്ചു ചന്തു.
നീണമണിഞ്ഞ പിണത്തിൽ മുഖത്താകെ മണ്ണാണ്.
കച്ചത്തുമ്പെടുത്ത് ആ മുഖം തുടച്ചു
ചന്തു ഞെട്ടി.
താനെന്നും പലകുറി കണ്ട ആ മുഖം…. തിളങ്ങുന്ന തൻ്റെ വാൽക്കണയിലും വിളങ്ങുന്ന പരിച കുമളകളിലും എന്നും കാണുന്ന ആ പ്രതിഫലനം!!
അപ്പോൾ ചന്തു ആ ശബ്ദം കേട്ടു,
“ചേകോൻ! എവിടെയോ
നിൻ്റെ പേര് കുറിച്ച ഒരു വാളുണ്ട് “
ചന്തുച്ചേകോൻ മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു.
=============================================



Update 29 October 2022
അഗസ്ത്യപുരാണവും വാളും
ആയോധനകലയുടെ ആഴങ്ങൾ തേടിയ അഗസ്ത്യ മുനി കളരിമുറ വ്യവസ്ഥാപിതമാക്കിയതോടൊപ്പം ചേകോൻ ചട്ടങ്ങളും സ്ഥാപിച്ചു.
നേർച്ചക്കോഴിയുടെ ആയുസ്സ് മാത്രമുള്ള ചേകോൻകൂട്ടത്തിൻ്റെ ദുരവസ്ഥയിൽ വിലപിച്ച ആ മുനിവര്യൻ ആ വീരജന്മങ്ങൾക്ക് സാന്ത്വനം പകരാൻ ഘോര തപസ്സിലൂടെ ഒരു വരം നേടിയെടുത്തു.
വിശ്വകർമ്മാവിൻ്റെ അവതാരം പൂണ്ട മുനി നൂറ്റാണ്ടുകൾ കൊല്ലകുടിയിലും ആലകളിലും ചുടലപ്പറമ്പുകളിലെല്ലാം തപസ്സ് ചെയ്തു സൃഷ്ടിച്ചു, ആ ആയുധക്കൂട്ടത്തെ.
തൻ്റെ മരണം എഴുതിയ വാൾ തേടിവരുന്ന യോദ്ധാക്കളെ കാത്തിരിക്കുന്ന ഉടവാൾ, ഉയിർവാൾ! ആ വാളിനു മാത്രമേ ആ ചേകോൻ്റെ ജീവൻ എടുക്കാൻ അർഹതയുള്ളൂ.
അഗസ്ത്യപുരാണം - ഒരു വിവരണം
കളരി പാരമ്പര്യത്തിൻ്റെ വ്യാഖ്യാനങ്ങളിൽ പരശുരാമനോടൊപ്പം കേൾക്കുന്ന മറ്റൊരു പേരുണ്ട്- അഗസ്ത്യമുനി.
തെക്കേ ഇന്ത്യയിലെ ഉത്തുംഗ കൊടുമുടി സ്വന്തം ഇരിപ്പിടവും ആസ്ഥാനവും ആക്കിയ ഋഷിവര്യൻ.
കളരി നിയമ ചട്ടങ്ങളോടൊപ്പം യോദ്ധാക്കളുടെ വാളുകൾക്ക് ജീവനും വ്യക്തിത്വവും കർമ്മവും നൽകിയ ശ്രേഷ്ഠൻ.
തത്ഫലമായി വല്ലവൻ്റെയും വഴക്കിന് സ്വന്തം രക്തം ചൊരിഞ്ഞ് തീർപ്പു നൽകാൻ ജീവിതമാർഗമായി തെരഞ്ഞെടുത്ത ആ യോദ്ധാക്കൾക്ക് പിൻബലമായി അത് സൃഷ്ടിച്ചു.
സ്വന്തം മരണം എഴുതിയ വാളുകളുടെ ഉടയോൻ ആകാനുള്ള യോഗം. ഭയം മാനുഷികം ആണല്ലോ, വീരനും മനുഷ്യൻ തന്നെ.
ഉൾഭയമുള്ള വീരന്മാർക്ക് വീരത്വത്തിന് മാറ്റേകാൻ അതു നേടിയെടുക്കാം.
ആ മുനകൾക്കും മൂർച്ചകൾക്കുമേ അവകാശമുള്ളൂ ആ ചേകോൻ്റെ ചോര ചിന്താൻ.
ഉടയോനെ കാത്ത് അതെവിടെയോ കിടപ്പുണ്ട്, ഉറക്കം നടിച്ച്.
=============================================


Update 10 November 2022


വടക്കൻ പാട്ടുകൾ
വടക്ക് ഗോകർണം മുതൽ തെക്ക് കന്യാകുമാരി വരെ നീണ്ടു നിവർന്നു കിടക്കുന്ന പരശുരാമ കേരളത്തിൻ്റെ കൈവെള്ളയിൽ ഒതുങ്ങാൻ മാത്രം വലിപ്പമുള്ള ഒരു കൊച്ചു പ്രദേശമാണ് കടത്തനാട് - വടക്കൻ പാട്ടിൻ്റെ ഈറ്റില്ലം , ഇന്നത്തെ വടകരയോട് ചുറ്റിപ്പറ്റി കിടക്കുന്ന കുറേ ഗ്രാമശകലങ്ങൾ.
നൂറ്റാണ്ടുകളായി ആ നാട്ടിലെ പണിയാളന്മാർ ഞാറ്റുപാട്ടായും (ഞാറു നടീൽ) വണ്ടിപ്പാട്ടായും (കാളവണ്ടി തെളിക്കുമ്പോൾ) അരവു പാട്ടായും (സദ്യ ചുറ്റുവട്ടങ്ങൾക്ക് തേങ്ങാ അരയ്ക്കുമ്പോൾ) ക്ഷീണം മാറ്റാനായി പാടിയ പാട്ടുകളാണ് വടക്കൻ പാട്ടുകൾ എന്ന പേരിൽ പ്രസിദ്ധമായത്.
കുടിപ്പകയും പണപ്പയറ്റും കയ്യൂക്കും ആയിരുന്നു കഥാ വിശേഷം. അതിന് ഊർജ്ജവും മജ്ജയും കൊടുത്തത് യോദ്ധാക്കളുടെ വിയർപ്പുള്ള മെയ്ക്കരുത്തും അവർക്ക് ഊഴം വഴങ്ങാൻ തയ്യാറായി നിൽക്കുന്ന തരുണീമണികളുടെ മാദകത്വവും.
പാട്ടുകളിൽ ഏറെ പ്രസിദ്ധമായത് തച്ചോളി ഒതേനൻ, പാലാട്ട് കോമൻ ,ആരോമുണ്ണി എന്നിവരുടെ വീരാപാദനങ്ങളാണ്.
ഈ പാട്ടുകൾക്കെല്ലാം പൊടിപ്പും തൊങ്ങലുമേറ്റി ഉപജീവനമാർഗമായി നാടോടി കൊണ്ടു നടന്നിരുന്നു കൊട്ടും മുട്ടുമായി പാണന്മാർ.
നാടിൻ്റെയും മണ്ണിൻ്റെയും ഗന്ധമുള്ള ഈ പാട്ടുകളെ പണിയാളന്മാരുടെ പാട്ടുകളായിരുന്നതു കൊണ്ട് സവർണർ ഐത്തത്തിൻ്റെ കൂച്ചു വിലങ്ങുകള് അണിയിച്ചു.
അധമവർഗ്ഗത്തിൻ്റെ ജല്പനങ്ങൾ; എന്ന് മേലാളന്മാർ ഇവയെ പുച്ഛിച്ചു തള്ളി.
നൂറ്റാണ്ടുകളോളം വാമൊഴി വഴക്കങ്ങൾ ആയി ഉറങ്ങിക്കിടന്നിരുന്നു ഈ വരികൾ.







ഗുണ്ടർട്ട്, ലോഗൻ
അപ്പോൾ എത്തി കടലുകടന്ന് ഒരു
ഉപദേശി വിദേശി, സത്യമത പ്രചാരത്തിലൂടെ മലയാളികളുടെ ആത്മാക്കളെ രക്ഷിക്കാൻ — ഹെർമൻ ഗുണ്ടർട്ട് എന്ന ജർമ്മൻ സായിപ്പ്.
പക്ഷേ ആ വാഴ്ത്തപ്പെട്ടവൻ ആദ്യം രക്ഷിച്ചത് മലയാളഭാഷയുടെ ആത്മാവിനെയാണ്, മലയാളഭാഷയുടെ നിഘണ്ടു തയ്യാറാക്കിയതോടൊപ്പം വടക്കൻപാട്ടുകളെ പകർത്തി
വരമൊഴിയാക്കി.
പിന്നീട് വന്ന ഒരു സായിപ്പ് - വില്യം ലോഗൻ എന്ന സ്കോട്ടിഷ് ഇന്ത്യൻ
സിവിൽ സർവീസ് ഓഫീസർ, തച്ചോളി പാട്ടുകൾ കണ്ടെത്തി.
പേഴ്സി മക്വീൻ
ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യൻ സിവിൽ സർവീസിലൂടെ ഡിസ്ട്രിക്ട് കളക്ടർ ആയി എത്തിയ പേഴ്സി മക്വീൻ എന്ന ഐറിഷുകാരനാണ് അക്ഷരാർത്ഥത്തിൽ തന്നെ ഒരു കളക്ടർ ആയത്. വടക്കൻ പാട്ടുകൾ ശേഖരിച്ച് തിട്ടപ്പെടുത്തിയ ഈ ഭാഷാസ്നേഹി മദ്രാസ് യൂണിവേഴ്സിറ്റിയിലെ മലയാളം ഭാഷ തലവനായ ചേലനാട് അച്യുതമേനോന് അവ കൈമാറി.
മദ്രാസ് യൂണിവേഴ്സിറ്റിയെ കൊണ്ട് Ballads of North Malabar എന്ന പേരിൽ പ്രസിദ്ധീകരിപ്പിച്ചു,
അവതാരികയും എഴുതി.
അതോടെ അയത്തത്തിൻ്റെ വിലങ്ങുകൾ തീർത്തും തകർക്കപ്പെട്ടു.






സമീപകാല ചരിത്ര കഥാപുരുഷനായ
Percy MacLeanലൂടെ ആണ്
ചന്തുചേകവരുടെ വീരഗാഥ പ്രതിപാദിച്ചിരിക്കുന്നത്.
രചയിതാവ് എടുത്ത ഒരു കാവ്യസ്വാതന്ത്ര്യമാണിത്.



ദ്രാവിഡ ഭാഷ ഉച്ഛരിക്കാൻ കഷ്ടപ്പെടുന്ന പേഴ്സി മക്വീനെ കണ്ട് തെക്കേ ഇന്ത്യക്കാരനായ ഭാഷാമുൻഷി ചിരിച്ചുകൊണ്ട് പറഞ്ഞു,
“സാരമില്ല മലബാറിൽ എത്തുമ്പോൾ ഉടനെ തേടി കണ്ടുപിടിക്കുക, തെങ്ങ് എന്ന പേരുള്ള വൃക്ഷം.
അതിൻ്റെ ഇലയുടെ പേര് ഓല എന്നാണ്.
അതിൻ്റെ നടുവിൽ ഒരു നേർത്ത ഞരമ്പ് - ഈർക്കിലി.
അത് എടുത്ത് എല്ലാ ദിവസവും രാവിലെ നാക്ക് വടിച്ചാൽ മതി, നാട്ടുകാരെ പോലെ ഭാഷ സംസാരിക്കാൻ പറ്റും.”
ഇന്ത്യയിലേയ്ക്ക് നിയോഗിക്കപ്പെടുന്ന ബ്രിട്ടീഷ് സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാരെ ഇംഗ്ലണ്ടിൽ വെച്ച് തന്നെ അതാതു സ്ഥലങ്ങളിലെ ഭാഷ പഠിപ്പിച്ചിരുന്നു, നാട്ടുകാരായ മുൻഷിമാർ. ഭാഷാമുൻഷിയുടെ ഉപദേശം മലബാറിലെത്തിയപ്പോൾ ആ ശിഷ്യൻ തീർത്തും കൈക്കൊണ്ടു, ദിനചര്യയാക്കി.
പേഴ്സി മക്വിൻ്റെ നാക്കു വഴങ്ങി.
അതോടൊപ്പം ഭാഷയും നാട്ടുകാരും.
മലബാറിൽ കളക്ടർ ആയി കുറേ കൊല്ലം ചെലവഴിച്ചു.
അപ്പോഴാണ് വേറിട്ട ഒരു ജോലി താൽക്കാലികമായി ഏറ്റെടുത്തത്. ....
നാട്ടിലേക്ക് മടങ്ങിയ ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ ഒഴിവിലേയ്ക്ക് മദ്രാസ് പ്രസിഡൻസിയിലെ വെല്ലൂർ പട്ടണത്തിൽ, അവിടത്തെ ജയിൽ സൂപ്രണ്ട് ആയി.
ഇരുമ്പഴിക്കുള്ളിൽ മടുപ്പുള്ള ഒരു രാത്രിയിൽ ജയിൽ വാർഡൻ മാധവമേനോൻ പരുങ്ങലോടെ പേഴ്സി മക്വിനെ കാണാനെത്തി.
അടുത്ത ദിവസം തൂക്കിലേറ്റുന്ന തിരുവരംഗൻ്റെ അവസാനത്തെ ആഗ്രഹം അറിയിക്കാൻ.





തിരുവാരംഗനെ കുറിച്ച് പേഴ്സി മക്വിന നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു.
പാണ സമുദായത്തിൽ പെട്ട ഒരു ചെറുപ്പക്കാരൻ, കൊലക്കുറ്റത്തിന് കഴിവിലേറ്റപ്പെടുകയാണ്, അടുത്ത നാൾ.



തിരുവരങ്കൻ അഭ്യർത്ഥിച്ചു
"തമ്പ്രാ എൻ്റെ പാട്ടു കേൾക്കണം, അവിടുന്ന് കൈയേൽക്കണം, എൻ്റെ അച്ഛൻ എന്നെ ഏൽപ്പിച്ച പാട്ട്, എൻ്റെ അച്ഛനെ മുത്തച്ഛൻ ഏൽപ്പിച്ച പാട്ട്, തലമുറകളായി സൂക്ഷിച്ച പാട്ട്".




പാട്ട് കേട്ട പേഴ്സി മക്വിൻ്റെ ആകാംക്ഷ വർദ്ധിച്ചു.
ഏഴുകണ്ണികൾ ഉള്ള വിലക്കപ്പെട്ട ഒരു സമാഹാരത്തിൻ്റെ ഒരു കണ്ണി മാത്രമായിരുന്നു അത്.
എന്തിനോ ഏതിനോ എന്ന് തലമുറകളായി ഒരു നിധി പോലെ സൂക്ഷിച്ചിരുന്ന ആ പാണർ കുടുംബത്തിന് അറിവില്ല.
ഒരു ചേകോൻ്റെ പേക്കിനാവ്, അതായിരുന്നു പാട്ടിലെ കഥ.

ധീരതയും വീരവും നിറഞ്ഞു തുളുമ്പിയിരുന്ന വടക്കൻ പാട്ടുകളിൽ നിന്നും തീർത്തും വ്യത്യസ്തം.
മറ്റു കണ്ണികൾ തേടുന്നു ആ പാട്ട്, തലമുറകൾക്കപ്പുറമുള്ള ഒരു സമൂഹത്തെ ഒരു രഹസ്യം അറിയിക്കാനായി.
പേഴ്സിയിലെ മനുഷ്യ സ്നേഹി, ഭാഷ സ്നേഹി, മറ്റു കണ്ണികൾ തേടി നടന്നു.
ആ താൽക്കാലിക ജോലി പേഴ്സി മക്വിനെ തീർത്തും ഒരു കളക്ടർ ആക്കി, അദ്ദേഹം അറിയാതെ.
.... മലയാളഭാഷയുടെ നാടൻ പാട്ടിൻ്റെ !!

പാണർ
മേലാളർമാരുടെ (മേലാളരുടെ) വീടുകൾ കയറിയിറങ്ങി ദേവസ്തുതികൾ പാടി മൂശേട്ടയെ ഓടിച്ച് മഹാലക്ഷ്മിയെ കുടിയിരുത്തുന്ന പാവപ്പെട്ട കലാകാരന്മാർ, അതായിരുന്നു പാണന്മാർ.
ഏറ്റവും പ്രാചീന തമിഴ് ഗ്രന്ഥമായ തോൽകാപ്പിയത്തിൽ പോലും പാണന്മാരെ കുറിച്ചുള്ള പരാമർശം ഉണ്ട്.
കടത്തനാട്ടെ പാണന്മാർക്ക് ഉശിരും ഉത്സാഹവും കൂടും.
ചേകവന്മാരുടെ വീരചരിതമായിരിക്കും അവരുടെ പാട്ടിലെ കഥ.
ചുരുക്കത്തിൽ ചേകവന്മാരുടെ പബ്ലിസിസ്റ്റ് അല്ലെങ്കിൽ മീഡിയ മാനേജർ, അതായിരുന്നു പാണന്മാരുടെ ജോലി.
വടക്കൻ പാട്ടിലെ പ്രസിദ്ധനായ ആരോമൽ ചേകവരുടെ പുത്തരിയങ്കം ഇണക്കിക്കൊടുത്ത ഒരു പാണൻ്റെ കഥയുണ്ട് പാട്ടുകഥകളിൽ.
=======================================
10 November 2022
Update 13 November 2022
ചേകോൻ - അങ്കം - അങ്കത്തട്ട്
പതിറ്റാണ്ടുകൾക്ക് മുമ്പ്,
ഒരുപക്ഷേ കേരളലോൽപ്പത്തിയോളം പഴക്കത്തിൽ ആയിരിക്കാം,
നമ്മുടെ നാടിൻ്റെ തനതായ പൈതൃകത്തിൽ ഒരു ആയോധനകല പിറന്നു - കളരിപ്പയറ്റ്.
ക്ഷേത്രകലയ്ക്കും അക്ഷരകലയ്ക്കും പ്രാമുഖ്യം കിട്ടുംമുമ്പേ ആയോധനകലയ്ക്കായിരുന്നു മുൻതൂക്കം.
ആ കളരിക്കളങ്ങളിലെ ഉത്തുംഗപ്രതിഭകളായിരുന്നു ചേകോന്മാർ.
കിടയറ്റ കരവിരുതും മെയ് വഴക്കവും മനോബലവും, ഏത് ആക്രമണത്തിനും പ്രത്യാക്രമണ മുറകൾ ഉള്ള ധിരോദാത്തന്മാർ.
കയ്യൂക്കുള്ളവൻ കാര്യക്കാരനായി വിളങ്ങിയിരുന്ന ആ സമൂഹത്തിൽ കുടിപ്പകകളും, മൂപ്പിളമകളും ചാരിത്ര്യ ശുദ്ധിയുമെല്ലാം എന്നും തർക്ക വിഷയം.
നാട്ടകങ്ങളിലെ തർക്കം മൂത്ത് സംഘടിതരായി പെരുവഴിയിൽ ചേരിതിരിഞ്ഞു ചോര ചിന്താതിരിക്കാനായി ഒരു നാട്ടാചാരം നിലവിൽ വന്നു.
രണ്ടു പക്ഷക്കാരും അവരുടേതായ ഒരു പോരാളിയെ കണ്ടെത്തുക.
വെൺതേക്കു കുറ്റികൾക്ക് മീതെ പുളിമരപ്പലകകൾ വിരിച്ചു കെട്ടിപ്പടുത്ത അങ്കത്തട്ടിലിൽ നാട്ടുകൂട്ടവും പ്രമാണിമാരും നോക്കിനിൽക്കെ ആ രണ്ടു പോരാളികൾ അവരിലൊരാൾ ശേഷിക്കും വരെ ഏറ്റുമുട്ടുക.
ന്യായത്തീർപ്പിലെത്താൻ നാട്ടാര് കണ്ടുപിടിച്ച ഒരു ഉപായം അതായിരുന്നു- അങ്കം.
രക്തം ചൊരിഞ്ഞാൽ തർക്കമയഞ്ഞു, ജീവൻ വെടിഞ്ഞാൽ തീർത്തും തീർപ്പായി.
ന്യായത്തിന് വിശുദ്ധി പകരാൻ പൂരപ്പറമ്പിൽ ശ്രീകോവിലിന് അഭിമുഖമായിട്ടാണ് തട്ടു പണിതിരുന്നത്.
ആർപ്പുവിളികൾക്കും അട്ടഹാസങ്ങൾക്കും കാഹളധ്വനികൾക്കും നടുവിൽ കൊടിമരത്തിന് കീഴിൽ കുലദൈവ വിഗ്രഹങ്ങൾക്ക് സമക്ഷം.
അങ്കത്താലി
പരമോന്നതൻ്റെ പേരിൽ നരബലി നടത്തിയുള്ള ഒരു ന്യായവിധി.
അതായിരുന്നു അങ്കം.
വെട്ടും തട്ടും കുലത്തൊഴിൽ ആയിരുന്ന ചേകോൻ്റെ കൂലിയോ അങ്കപ്പണം.
അത് ആവോളം ചോദിക്കാം, കണക്കു പറഞ്ഞു മേടിക്കാം.
ചേകവന് വാൽക്കണയിലാണ് ചോറ് , പ്ലാവില കുമ്പിളിൽ അല്ല.
ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ചേകോൻ വെറും ഒരു കൊട്ടേഷൻ ഗുണ്ട!
… വിശുദ്ധി പകരാൻ ഒരു ദൈവിക പരിവേഷവും.
കിടയറ്റ കരവിരുതും മെയ് വഴക്കമുള്ള അങ്കച്ചേകോനെ തെരഞ്ഞെടുത്തിരുന്നത് വർഷാവർഷം സംഘടിപ്പിച്ചിരുന്ന ഒരു പെരുംപൊയ്ത്ത് മത്സരത്തിൽ ആയിരുന്നു.
അതിൻ്റെ ജേതാക്കൾക്ക് വീര മുദ്രയും അങ്കത്താലിയും നൽകി - അങ്കത്തിലേറാൻ ഉള്ള യോഗ്യതയായി.
അങ്കത്തട്ടിൽ ഒഴുകിയ രക്തചാലുകൾ കാണികൾക്ക് വിനോദവും മറ്റുള്ളവർക്ക് ജീവിതമാർഗവും ആയിരുന്നു.
അങ്കം കാണാനെത്തുന്ന കാണികളെ വരവേൽക്കാൻ വാണിഭക്കാരും വാതുവയ്പുകാരും തൊട്ടിലാട്ടക്കാരും.
എന്തിന് പിന്നാമ്പുറത്ത് ചൂളച്ചികൾ പോലും….
ആശാരി ചേരിയിലെ കൊട്ടുപണികാർക്ക് തട്ടു പണിത് ആവശ്യത്തിന് പണം, തെണ്ട പിരിക്കാൻ മാടമ്പിമാർ, കരം പിരിക്കാൻ നാടുവാഴികൾ.
വിജയശ്രീലാളിതരായ ചേകവന്മാരെ കുറിച്ച് ഗാഥകൾ ഉണ്ടായിരുന്നു.
അങ്കത്തട്ട്
അങ്കത്തട്ടുപണിയുടെ മേൽനോട്ടം നാടുവാഴിക്കായിരുന്നു.
അവിടെയും ചതിക്കുഴികൾ ഉണ്ടായിരുന്നു.
ആശാരിമാരെ സ്വാധീനിച്ച ചില ചേകവന്മാർ എതിരാളികളെ കുടുക്കാൻ, അങ്കത്തിൻ്റെ താളം തെറ്റിക്കാൻ, ചവിട്ടിയാൽ അസ്ഥാനത്ത് പൊങ്ങുന്ന താഴുന്ന ചില കള്ളപ്പലകകൾ രഹസ്യമായി തീർത്തിരുന്നു.
ഇത്തരം ചതി മുറകളെ കുറിച്ചുള്ള വിവരണങ്ങളും വടക്കൻ പാട്ടുകളിലുണ്ട്.
അങ്കത്താലിയും ചേകോർ മഹാസഭയും
വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാട് ആകാൻ പറ്റില്ലല്ലോ, ചുരികയെടുക്കുന്നവനെല്ലാം ചേകോനും.
വർഷങ്ങളോളം ആയോധനം പയറ്റി പഠിച്ച വിവിധ കളരികളിലെ അഭ്യാസികൾ വർഷത്തിലൊരിക്കൽ സമ്മേളിച്ചിരുന്നു, തങ്ങളുടെ വൈഭവം തെളിയിക്കാനായി, ചേകോർ മഹാസഭയ്ക്ക് മുമ്പിൽ.
തലമൂത്ത കളരി ഗുരുക്കന്മാമാരുടെ സമക്ഷം വൈഭവമുള്ള അഭ്യാസിക്ക് അവർ അംഗീകാരമായി അങ്കത്താലി നൽകി. അതായിരുന്നു ചേകോനാകാനുള്ള ലൈസൻസ്.
അങ്കത്താലി നേടിയ ഒരു ചേകോനെ അങ്കത്തട്ടിലേറാവൂ *.
അങ്കപ്പറമ്പിലും ഈ തല മൂത്ത ഗുരുക്കന്മാർ ഉണ്ടായിരുന്നു, അങ്കവ്യവസ്ഥകളും നിയമങ്ങളും പാലിക്കുന്നുണ്ടോ എന്ന് തീർച്ചപ്പെടുത്താൻ.
ഇന്നത്തെ ക്രിക്കറ്റിലെ അമ്പയർമാരും തേർഡ് അമ്പയർമാരെ പോലെ, റീപ്ലേ ഇല്ലെന്നു മാത്രം!
കളരിയും ഗുരുക്കന്മാരും
വെട്ടും തട്ടും പഠിപ്പിക്കുന്ന ആയോധനകലാകേന്ദ്രം മാത്രമായിരുന്നില്ല കളരികൾ.
ജ്ഞാനികൾ ആയിരുന്ന അവിടുത്തെ ഗുരുക്കന്മാർ.
ശിഷ്യ മനസ്സുകളെ രൂപപ്പെടുത്തിയതോടൊപ്പം ശരീരങ്ങളെയും പരിപാലിച്ചിരുന്നു - ആയുർവേദ മർമ്മ ചികിത്സകൾ വഴി.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ജീവിതചര്യ ധ്യാനമുറകളിലും ഗുരുഭക്തിയിലും നിശ്ചിതമായ ചിട്ടകളിലൂടെയും നിയമങ്ങളിലൂടെയും വാർത്തെടുത്തതാണ്.
ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിൽ പോകുന്ന വിദ്യാർത്ഥികൾ ആദ്യദിവസം തന്നെ ബാറ്റും ബോളും കൈയിലെടുക്കും.
കളരി വിദ്യാർഥികളാരും വിദ്യാരംഭ ദിവസം മുച്ചാൺ വടിയോ വാളോ കൈയ്യിലെടുത്തിരുന്നില്ല. വർഷങ്ങൾ നീണ്ടുനിൽക്കുന്ന മെയ്യഭ്യാസം, ക്ഷമാപൂർവ്വമുള്ള ശിക്ഷണത്തിലൂടെയുള്ള ആത്മസമയമനം - അതായിരുന്നു കളരി ശിക്ഷണത്തിന്റെ അടിത്തറ.
ആത്മീയ ഉണർവ്, സംയമനം, അച്ചടക്കം ഇവയെല്ലാം കളരി സവിശേഷതകളാണെങ്കിലും നമ്മുടെ അയിത്താചരണത്തെ തിരുത്താൻ കളരി വ്യവസ്ഥകൾക്കും സാധിച്ചില്ല.
അങ്ങനെ സവർണർക്ക് വേണ്ടി കുഴികളരികളും അവർണ്ണർക്കുവേണ്ടി തറ കളരികളും രൂപപ്പെട്ടു.
കുഴിക്കളരികൾക്ക് രഹസ്യ സ്വഭാവം ഉണ്ട്, മറച്ചിട്ടാണ്. തറ കളരികൾ തുറസ്സും. കീഴ്ജാതിക്കാർ പഠിക്കുന്നത് സവർണർകാരുടെ കാഴ്ച വെട്ടത്തു തന്നെ.
===================================================
*ചേകോൻ എന്ന ഈ കഥയിൽ ചന്തു എന്ന കഥാപാത്രത്തിന് അങ്കത്താലി നിഷേധിക്കപ്പെടുന്നതും അയാൾ എങ്ങിനെ അങ്കം വെട്ടുന്നെന്നതും ഒരു ഇതിവൃത്തമാണ്.
13 November 2022
Update 15 November 2022
കഥാപാത്രങ്ങൾ


നാണുപ്പാണർ
"ഫാ!!! …..ഇതു ഓൻ നാലുകൊല്ലം മുമ്പ് പാടിയ പാട്ട് അല്ലേ?
കാളികാവിലെ കാള ചന്തയ്ക്ക്? ലോകനാർകാവിലും പാടി!!
കന്നിമാസത്തിലെ പൂരം നാളിൽ! പഴം പാട്ട് കാളയ്ക്കു കൊടുക്കെടോ,....
കാടിയിൽ കലക്കി"
കാളയ്ക്കും കുതിരയ്ക്കും ലാടം അടിക്കുന്ന രൈരുവിൻ്റെ ശകാരം നാണു പാണർക്ക് തീർത്തും കൊണ്ടു, മദ്യലഹരിയിൽ പറഞ്ഞതാണെങ്കിൽ പോലും.
പലകുറി തീർത്തും മറക്കാൻ തീരുമാനിച്ച ആ ദിവസം പാണരുടെ മനസ്സിൽ വീണ്ടും തികട്ടി വന്നു. നാട്ടിലെ മാടമ്പിമാരായ കണാരനെയും തമ്പാനെയും ചീരക്കാടൻ ചന്തുച്ചേകോൻ അപമാനിച്ച് അയച്ച ആ ദിവസം,
അമ്പതിനായിരം പൊൻപണം വേണം പോലും!
അങ്കത്തിൽ അജയ്യനായ തച്ചോളി ഒതേനൻ പോലും കാണാത്ത കിഴികുലുക്കം.
അന്നു തുടങ്ങിയതാണ് ചന്തുവിൻ്റെ അധപതനം, പാണരുടെയും.
നാണുപ്പാണരുടെ കഞ്ഞിയാണ് ചന്തുച്ചേകോൻ്റെ വീരഗാഥകൾ.
അങ്കമുണ്ടെങ്കിലേ വീരചരിതമുള്ളൂ, വീരചരിതം ഉണ്ടെങ്കിലേ ഗാഥയുള്ളൂ,
ഗാഥയുണ്ടെങ്കിലേ പാണരുള്ളൂ.
നാലു കൊല്ലമായി പാണരുരുടെ പാട്ടുകൾക്ക് ഉശിരില്ല, ഉടുക്കിന് മിടുക്കില്ല.
ഒട്ടിയ വയറിൻ്റെ വേദനയെ ഉള്ളൂ.
രൈരു വീണ്ടും ആക്രോശിച്ചു, ഒരു കളിയാക്കൽ സ്വരത്തിൽ

"പാണർക്കു പാട്ടു കെട്ടാൻ കഥയില്ലെങ്കിലേ, ഒന്നു പറയാം,
ചന്തുച്ചേകോൻ ഓടിയ കഥ,
കച്ചയില്ലാതെ, കൗപീനമില്ലാതെ, ദേവദാസി തെരുവിലൂടെ,
ജോലിക്ക് കൂലി
കൊടുക്കാതെ ഓടിയ കഥ !!!"
തീർത്തും ക്ഷമ നഷ്ടപ്പെട്ട പാണർ അഴിച്ചിട്ട നീളൻ മുടി ഒന്ന് കൈകൊണ്ടു
കോതിച്ചീകി, അരിശത്തിൽ, എന്നിട്ടൊന്ന് സട കുടഞ്ഞു പോരുകോഴി
കണക്കെ.
ഉടുക്കിൽ ആഞ്ഞുകൊട്ടി, ഉച്ചത്തിൽ അട്ടഹസിച്ചു "
പാടും നാട്ടാരെ, പാടും…. ചന്തുച്ചേകോൻ്റെ പുതിയ പാട്ട്,
ചിങ്ങ മാസത്തിലെ പൗർണമിക്ക് മുമ്പ്,
ഇത് സത്യം! സത്യം ! സത്യം !!!

ബോജമ്മ
അന്തസ്സുള്ള ഒരു ജീവിതം തേടിയാണ് ബോജമ്മ കുടകു നാട്ടിലെ വിരാജ് പേട്ടയിലെ രാജാവിൻ്റെ അന്തപുരത്തിലെത്തിയത്, പത്തിരുപത് വെപ്പാട്ടിമാരിൽ ഒരാളായി - എന്നെങ്കിലും രാജാവിൻറെ പ്രീതി സമ്പാദിച്ച് മഹാറാണി പട്ടം കരസ്ഥമാക്കണം എന്നുള്ള മോഹവുമായി.
പക്ഷേ ഒരു രാത്രി ഉള്ളതു കൂടി നഷ്ടപ്പെട്ടു.
കൊട്ടാര വിപ്ലവത്തിൽ സ്ഥാനം നഷ്ടപ്പെട്ട രാജാവിനൊപ്പം കാടുകടന്ന് കടത്തനാട്ടിലേക്ക് പലായനം ചെയ്യേണ്ടി വന്നു.
അവിടെ തമ്പടിച്ചു, താൽക്കാലികമായി.
മറു വിപ്ലവത്തിലൂടെ രാജ്യവും സിംഹാസനവും തിരിച്ചു പിടിക്കാമെന്ന് വ്യാമോഹവുമായി.
പക്ഷേ, അതിന് പണവും പടയണിയും പടക്കോപ്പും വേണ്ടേ?
അത് കണ്ടെത്താനുള്ള ശ്രമത്തിൽ കടത്തനാട്ട് ഒരു ദേവദാസിപ്പുര തുറന്നു, മഹാറാണിയായി.
കൂട്ടിന് കൂടെ വന്ന മറ്റു അന്തപ്പുരവാസികളും.
സ്ഥാനം നഷ്ടപ്പെട്ട കുടകു രാജാവോ, ദേവദാസിപ്പുരയിലേക്ക് കേറാൻ വെമ്പൽ കൊള്ളുന്ന നീണ്ട
നിരയെ നിയന്ത്രിച്ച് മീശ പിരിച്ച് മടിശീല നിറയ്ക്കുന്ന പ്രൗഢിയുള്ള പാറാവുകാരനായി.
മദാലസയായ ബോജമ്മയെ പ്രാപിക്കാനാണ് നാട്ടുപ്രഭുക്കന്മാർക്ക് താൽപ്പര്യം.
ബോജമ്മ പിടികൊടുക്കാതെ അപ്രാപ്യയായി നിന്നു.
ദേവദാസിപ്പുരയിലും ഉണ്ട് പടവുകൾ!
പിച്ചവെച്ച് അടവുകൾ പഠിച്ചു വളരണം.
ആദ്യം ദക്ഷിണ വെക്കണം മറ്റു ദാസിമാരുടെ അടുത്ത്.
ദക്ഷിണ വച്ചവരോട് ദാസിമാർ അറിയിച്ചു, എല്ലാം ഒരു ഭാഗ്യപരീക്ഷണമാണ്.
പൗർണമി നാളിൽ നറുക്കിട്ട് തിരഞ്ഞെടുത്ത ഭാഗ്യപ്പിറവിയെ താമരക്കുളത്തിലേക്ക് ആനയിക്കാനായി ബോജമ്മ എത്തും, ജലക്രീഢയ്ക്.
അപ്പോഴാണ് കാണിയായി വന്നവൻ ചേകോനായ കഥ അരങ്ങേറിയത്.
ഓർക്കാപ്പുറത്ത് നടന്ന ആ അട്ടിമറിവിജയം ആഘോഷിക്കാനായി നാട്ടുകൂട്ടം ചന്തുവിനെ തോളിലേറ്റി നഗരി കാണിച്ചു, ആർപ്പുവിളിച്ച് ചേരികളിൽ തിമിർത്തു നടന്നപ്പോൾ, ദേവദാസി പടിപ്പുരയിലെത്തിയപ്പോൾ, കണ്ണുകൾ ഇടഞ്ഞപ്പോൾ ആദ്യം പുഞ്ചിരിച്ചത് ആരെന്നറിയില്ല, നാട്ടുകാർക്കും അറിയില്ല.
ബോജമ്മ എതിരേറ്റതാ അതോ തോളിലേറ്റിയവർ പടിപ്പുര താണ്ടിയതോ, ഏതായാലും ചന്തുച്ചേകോനും പരിവാരവും ആ രാത്രി അവിടെ ശയിച്ചതിനെ കുറിച്ച് ആർക്കും തർക്കമില്ല.
തർക്കം തുടങ്ങിയത് അടുത്ത പ്രഭാതത്തിൽ പ്രൗഢിയുള്ള പാറാവുകാരൻ മടിശീല നിറക്കാൻ എത്തിയപ്പോഴാണ്.
ക്ഷണിച്ച് എതിരേറ്റതെന്ന് ചന്തു പക്ഷം,
ബലമായി പടിപ്പുര തുറന്ന് കേറിയതെന്ന് ദേവദാസി പക്ഷം.
തുടർന്ന് നാട്ടുകാർ കാണുന്നത് ഉടുതുണിയില്ലാതെ പടിപ്പുര താണ്ടി ചേരി ചാടി ഓടുന്ന ചന്തുവിനെയും കൂട്ടരേയും ആണ്.
പുറകെ മടിശീല നിറയാത്ത ദേഷ്യത്തിൽ ആക്രോശിച്ചു തുപ്പുന്ന ബോജമ്മയും സംഘവും.
എന്തൊരു വാക്ധോരണി, ബോജമ്മയ്ക്കും കൂട്ടർക്കും !
നാട്ടുകൂട്ടം അത്ഭുതപ്പെട്ടു.
കൊടുങ്ങല്ലൂർ ഭരണി കാണാത്ത ദേവദാസി സംഘത്തിന് ഏത് ദേവിയാണോ തെറി അഭിഷേകം നടത്താനുള്ള വരം കോരിച്ചൊരിഞ്ഞ് കൊടുത്തത്.
മറ്റങ്കചേകവന്മാരെ അരിഞ്ഞുവീഴ്ത്തി ചീരക്കാടൻ ചന്തുച്ചേകോൻ
ജൈത്രയാത്ര നടത്തിയപ്പോൾ അമർഷത്തോടെ ബോജമ്മ തക്കം പാത്തു നിന്നു.
ഒടുവിൽ ആ നാളു പിറന്നു, വർഷങ്ങൾക്കുശേഷം, അങ്കം കിട്ടാതെ തുരുമ്പെടുത്ത ചന്തു എല്ലാം തിരിച്ചു പിടിക്കാനായി അങ്കത്തട്ടിലെത്താൻ തയ്യാറെടുത്തപ്പോൾ.
ബോജമ്മ ഒരു തമ്പുണ്ടാക്കി, ചന്തുവിന്റെ
എതിരാളികൾക്ക് ഒളിഞ്ഞും ഞെളിഞ്ഞും കേറാൻ.

ഉണിച്ചാറ
നാട്ടിലെ പ്രഭു കുടുംബത്തിലെ സുന്ദരി സുശീല.
ആടാനും വെട്ടാനും പഠിച്ചവൾ.
ആലത്തൂർ നാട്ടിലെ പ്രമുഖരുടെ എല്ലാം കള്ളകണ്ണ് അവളുടെ മേൽ ആയിരുന്നു, ചന്തുച്ചേകോൻ്റെയും.
അതായിരുന്നു അവളുടെ മേലുള്ള
ബോജമ്മയുടെ വിരോധത്തിന് കാരണം.
തരം കിട്ടുമ്പോഴെല്ലാം അവൾ ഉണിച്ചാറയുടെ ചാരിത്ര്യശുദ്ധിമേൽ കടന്നാക്രമണം നടത്തി.
അതു നാട്ടിൽ പാട്ടായി.
തൻ്റെ സ്വഭാവശുദ്ധി തെളിയിക്കാൻ ഉണിച്ചാറ നിർബന്ധിതയായി.
നാട്ടുകൂട്ടത്തിൻ്റെ, മുമ്പിൽ ബോജമ്മയും മറ്റു സംശയാലുക്കളും നോക്കിനിൽക്കെ തിളച്ച എണ്ണയിൽ കൈ മുക്കി.
ആ അഗ്നിപരീക്ഷണം തരണം ചെയ്തെങ്കിലും ഭോജമ്മ വിട്ടുകൊടുക്കാൻ തയ്യാറായില്ല.
“കള്ളീ! പൊള്ളാതിരിക്കാൻ നീ കള്ളക്കളി നടത്തി.
പച്ചമരുന്നിൽ പൊതിഞ്ഞാൽ കൈ പൊള്ളില്ലല്ലോ?
അപ്പോഴാണ് ചന്തുച്ചേകോൻ ഉണിച്ചാറയുടെ രക്ഷയ്ക്കായി ഒരു കുറിമാനം അയച്ചത്.
“നീ എനിക്ക് ഊഴം വഴങ്ങാൻ സമ്മതിച്ചാൽ നിൻ്റെ ചാരിത്ര്യ
ശുദ്ധി തെളിയിക്കാൻ ഞാൻ അങ്കത്തട്ടിലേറാം.”
ഉണിച്ചാറ മറുപടി നൽകി
“മനസ്സുകൊണ്ട് എൻ്റെ ചാരിത്ര്യം അങ്ങേയ്ക്ക് അടിയറവ് വെച്ചാൽ
ഭഗവതി കോപിക്കും. ആ കോപത്തിൽ അങ്ങയുടെ രക്തം അങ്കത്തട്ടിൽ
വീണാലോ? ആ നഷ്ടം എനിയ്ക്കു മാത്രം.”
നയത്തിൽ പൊതിഞ്ഞ ഉണിച്ചാറയുടെ മറുപടിയിൽ ചന്തു ഒന്ന് ഇളിഭ്യനായെങ്കിലും അത്
അനുരാഗമായി, ജീവിതത്തിൽ ആദ്യമായി.

കൈപ്പള്ളി കണാരനും കമ്പക്കാട്ടിൽ തമ്പാനും
നാട്ടിലെ പ്രമുഖ മാടമ്പിമാരാണ് കൈപ്പള്ളി കണാരനും കമ്പക്കാട്ടിൽ തമ്പാനും.
അതുതന്നെ ആയിരുന്നു അവർ തമ്മിലുള്ള ശത്രുതയ്ക്ക് കാരണവും.
ശത്രുത ഇരട്ടിക്കാൻ തുടർന്ന് ഒരു സംഭവമുണ്ടായി.
പ്രകൃതി ക്ഷോഭത്തിൽ കണാരൻ്റെ തൊടിയിൽ നിന്നും കടപുഴകിയ ഒരു കല്പകവൃക്ഷം തമ്പാൻ്റെ പറമ്പിൽ പതിച്ചു. അത് വിട്ടുകൊടുക്കാൻ തമ്പാൻ തയ്യാറായില്ല.
"പ്രകൃതി ക്ഷോഭിച്ചത് ദൈവനിശ്ചയം!
ഭഗവതിയുടെ ആഗ്രഹത്തെ എതിർക്കുകയോ?"
ഈ തർക്കം നാടുവാഴി സമക്ഷം എത്തിയതിനെ തുടർന്ന് അങ്കത്തതീർപ്പിലുമെത്തി.
ചേകവനെ തേടി ചീരക്കാടൻ ചന്തുച്ചേകോൻ്റെ മാളികയിൽ ആദ്യം എത്തിയത് കണാരനാണ്.
പക്ഷേ ചന്തുവിൻ്റെ പണക്കൊതിയുടെ ഭാരം ഹുങ്ക് നിറഞ്ഞതായിരുന്നു ...
"അമ്പതിനായിരം പൊൻപണം!"
കണാരൻ്റെ മാളികയും തൊടിയും വിറ്റാൽ മിച്ചം മാറാപ്പ് മാത്രം.
കാണും വിറ്റ് കാര്യം കാണാൻ കണാരൻ തയ്യാറല്ല.
അപ്പോൾ അതാ അയാൾ കാണുന്നു അങ്കത്തിനുള്ള അഭ്യർത്ഥനയുമായി ചന്തുച്ചേകോൻ്റെ പടിക്കൽ നിൽക്കുന്ന തമ്പാനെ.
ചന്തുവിനെ കണ്ട് തന്നെപ്പോലെ തന്നെ പടിയിറങ്ങിവന്ന തമ്പാനെ
കണ്ടപ്പോൾ കണാരൻ ചിരിച്ചു.
തമ്പാൻ പൊട്ടിച്ചിരിച്ച് കണാരൻ്റെ തോളത്ത് കയ്യിട്ടു.
അങ്കവൈരം മറന്ന് ചന്തു എന്ന ഒരു പൊതു ശത്രുവിനെ
നേടിയപ്പോൾ അവർ ചിരകാല സുഹൃത്തുക്കളെ പ്പോലെയായി.

